തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസിൽ സർവകലാശാല വി സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രതികളായിരുന്നു.
പ്രതികൾക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആദ്യ കുറ്റപത്രത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാമർശം.
എന്നാൽ ഇത് തെറ്റാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പി അബ്ദുൾ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കോടതി നിർദ്ദേശിച്ച തുടർ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് എഴുതിത്തള്ളുന്നത്.
പരീക്ഷ എഴുതാത്തവർ പോലും കേരളസർവകലാശാലയിൽ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവർ പക്ഷേ, ഇന്‍റർവ്യൂവിൽ പങ്കെടുത്തു നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിട്ടില്ല. ഉത്തരപ്പേപ്പർ മൂല്യനിർണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു.
ഇങ്ങനെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഒരു കേസാണ് നിലവിൽ ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയിരിക്കുന്നത്. മുൻ വൈസ് ചാൻസലർ ഡോ. എം കെ രാമചന്ദ്രൻ നായർ, പ്രോവിസി ഡോ. വി ജയപ്രകാശ്, സിൻഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സൽ, കെ എ ആൻഡ്രൂ, റജിസ്ട്രാറായിരുന്ന കെ എഹാഷിം എന്നിവരാണ് ഈ കേസിലെ പ്രതികൾ. ഇതിൽ എ എ റഷീദും, എം പി റസ്സലും സിപിഎം നേതാക്കളാണ്.











