കബൂൾ: ഇസ്ലാമിക ഭീകരവാദവും തീവ്ര ഇസ്ലാമികതയും ഛിന്നഭിന്നമാക്കിയ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ ക്ഷേത്രത്തിന് കാവലായി ഇന്നും തുടരുകയാണ് ഭക്തിയുടെയും ത്യാഗത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി രാജാ റാം. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള അഫ്ഗാനിസ്ഥാനിലെ മത ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്നതാണ് രാജാ റാമിന്റെ ജീവിതവും പോരാട്ടങ്ങളും.
‘ഞങ്ങൾ എല്ലാവരും മാതൃരാജ്യത്തെ സ്നേഹിക്കുന്നവരാണ്. കശ്മീരിൽ നിന്നും അഫ്ഗാനിലേക്ക് വന്നവരാണ് ഞങ്ങളുടെ പൂർവ്വികർ. എന്നാൽ ഇവിടെ ഞങ്ങളുടെ അവസ്ഥ നാൾക്കുനാൾ ശോചനീയമായി വന്നു. സുരക്ഷിതമായ ഭാവി തേടി ഒടുവിൽ ഭാര്യക്കും കുട്ടികൾക്കും വരെ ഇന്ത്യയിലേക്ക് പോകേണ്ടി വന്നു. എന്നാൽ, ക്ഷേത്രത്തിന്റെ കാവൽ അതിപ്രധാനമാണ്. അതു കൊണ്ട് ഞാൻ ഇവിടെ തുടരുന്നു.‘ രാജാ റാം പറയുന്നു.
ഒരുനാൾ തന്റെ ഭാര്യക്കും മക്കൾക്കും തങ്ങളുടെ ജന്മദേശത്ത് തിരികെയെത്താൻ കഴിയുമെന്ന് ഇന്നും വിശ്വസിച്ച് കഴിഞ്ഞു കൂടുകയാണ് ഗസ്നിയിലെ അവസാന ഹിന്ദു എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാ റാം. എന്നാൽ അതത്ര എളുപ്പമല്ലെന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും ഒരുനാൾ എല്ലാം ശരിയാകുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. അഫ്ഗാനിസ്ഥാൻ വിട്ട് പോയ ഹിന്ദുക്കളും സിഖുമാരും ആ മണ്ണിന്റെ സന്തതികളാണെന്ന് രാജാ റാം അഭിമാനത്തോടെ അഫ്ഗാൻ മാധ്യമത്തോട് പറയുന്നു.
എൺപതിനായിരത്തോളം അംഗങ്ങളുണ്ടായിരുന്ന, അഫ്ഗാനിസ്ഥാനിലെ ശക്തമായ മതവിഭാഗങ്ങളായിരുന്നു ഹിന്ദുക്കളും സിഖുകാരും. അവരിൽ പലരും കൊടിയ മതഭീകരത സഹിക്കാനാവാതെ ഇന്ത്യയിലേക്ക് പോന്നു. ചിലർ പാശ്ചാത്യ നാടുകളിലേക്ക് അഭയാർത്ഥികളായി പോയി.
അടുത്തയിടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കളാകാൻ പല അഫ്ഗാൻ അഭയാർത്ഥികൾക്കും സാധിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരത്വത്തിന്റെ ഗുണഫലങ്ങൾ അവരിൽ പുതിയ സ്വപ്നങ്ങൾ നിറയ്ക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ മതവിവേചനം അനുഭവിക്കുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനമതസ്ഥർക്കും ബൗദ്ധർക്കും എത്രമാത്രം ആശ്വാസദായകമാണ് പൗരത്വ ഭേദഗതി നിയമം എന്ന് രാജാ റാമിന്റെ ജീവിതാനുഭവങ്ങൾ വ്യക്തമാക്കുന്നു.
ഇസ്ലാമിക ഭീകരവാദത്തിന്റെ നിർഭാഗ്യവാന്മാരായ ഇരകളാകാൻ വിധിക്കപ്പെട്ടവർക്ക് ലഭിച്ച വരദാനമായാണ് അയൽ രാജ്യങ്ങളിലെ ഹിന്ദുക്കൾ ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയെ കാണുന്നത്. ഏത് പ്രതിസന്ധികളെ തരണം ചെയ്തും നിയമം നടപ്പിലാക്കാനുറച്ച് മോദി സർക്കാരിൽ രക്ഷകരെ കാണുകയാണ് നിരാലംബരാക്കപ്പെട്ട ഈ ജനവിഭാഗം.
ഹൈന്ദവ ദേവീ ദേവന്മാരെ പരമ്പരാഗതമായി ആരാധിച്ചു പോരുന്നതിനായി ഇന്ത്യക്ക് പുറത്തെ ഹിന്ദുക്കൾ അനുഭവിച്ച ത്യാഗങ്ങളുടെ നേർസാക്ഷ്യമാകുകയാണ് ഗസ്നിയിലെ അവസാന ഹിന്ദുവായ രാജാ റാമിന്റെ കഥ. തികച്ചും പ്രതികൂലമായ പരിതസ്ഥിതിയിൽ, അകലെയെങ്ങോ ഉള്ള ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു അറിവുമില്ലാതെ ഏകാന്തനായി കഴിയുമ്പോഴും നെഞ്ചിനുള്ളിലെ കെടാവിളക്കായി രാജാ റാം ക്ഷേത്രത്തിലെ ദീപത്തെ നിലനിർത്തുന്നു. സഹസ്രാബ്ദങ്ങളായി സനാതന ധർമ്മം പിന്നിട്ട പോരാട്ടവഴികളുടെയും ത്യാഗ സന്നദ്ധതയുടെയും അനശ്വര പ്രതീകമെന്നോണം ഗാന്ധാര ഭൂമിയിലെ ആ ക്ഷേത്രത്തിൽ ഇന്നും മണികൾ മുഴങ്ങുന്നു…. വിശ്വശാന്തിക്കായി.
Discussion about this post