കൊച്ചി: മാറാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കള്ളം പറയുന്നുവെന്ന് കുമ്മനം രാജശേഖരൻ. കേസ് എന്തുകൊണ്ട് സിബിഐ ഏറ്റെടുത്തില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം അദ്ദേഹത്തിന്റെ അറിവില്ലായ്മയെയാണ് വെളിപ്പെടുത്തുന്നതെന്ന് കുമ്മനം പറഞ്ഞു.
2016ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 2017 ജനുവരി 18 ന് കേസ് രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുള്ളതാണെന്നും കുമ്മനം പറഞ്ഞു. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് മുന്നിൽ ഹാജരായ സിപിഎം , കോൺഗ്രസ് -ലീഗ് നേതാക്കൾ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. കാരണം ഗൂഢാലോചനയിലും കൃത്യത്തിലും ഈ കക്ഷികൾക്ക് പങ്കുണ്ടെന്ന ബോധ്യമാണ്. അതുകൊണ്ട് രണ്ട് സർക്കാരുകളും സിബിഐ അന്വേഷണത്തെ തുരങ്കം വെക്കാൻ ശ്രമിച്ചു. ഫയലുകൾ ക്രൈം ബ്രാഞ്ച് സിബിഐക്ക് കൈമാറിയില്ല.
എന്നാൽ സമ്മർദ്ദം ശക്തമായപ്പോൾ ക്രൈം ബ്രാഞ്ച് ആദ്യം 33 ഫയൽ കൊടുത്തു. പ്രധാന 20 ഫയലുകൾക്ക് വേണ്ടി സിബിഐ വീണ്ടും കോടതിയെ സമീപിച്ചു. എല്ലാ ഫയലുകളും ഉടനെ കൈമാറാൻ 2019 ഫെബ്രുവരി 8 ന് കോടതി ഉത്തരവിട്ടു. എന്നാൽ ഇതു വരെ അവ നൽകിയിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷണം ഇതു വരെ മരവിപ്പിക്കുകയോ വേണ്ടെന്നു വെക്കുകയോ ചെയ്തിട്ടില്ല. കോടിയേരിയുടെ പ്രസ്താവനയുടെ ലക്ഷ്യം ഫയലുകളുടെ കൈമാറ്റം തടയുകയും അതുവഴി കേസ് അട്ടിമറിക്കുകയുമാണെന്നും കുമ്മനം വ്യക്തമാക്കി.












