കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്ന് പ്രതി സന്ദീപ് നായർ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസിൽ തെളിവാകും എന്നും സന്ദീപ് നായർ പറഞ്ഞു.
രഹസ്യ മൊഴി രേഖപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മാപ്പുസാക്ഷി ആയാലും ശിക്ഷ ഒഴിവാക്കും എന്ന് പറയാൻ ആകില്ലെന്ന് കോടതി പറഞ്ഞു. എൻ ഐ എ കോടതിയിലാണ് സന്ദീപ് നായർ അപേക്ഷ നൽകിയിരിക്കുന്നത്.
നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായരെ എൻ ഐ എ വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എൻ ഐ എ വീണ്ടും ചോദ്യം ചെയ്തത്. കുറ്റസമ്മതം നടത്താമെന്നുള്ള സന്ദീപ് നായരുടെ തീരുമാനം കേസിൽ നിർണ്ണായക വഴിത്തിരിവായിരിക്കുകയാണ്. കേസിൽ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന പ്രമുഖരിൽ പലരും ഇതോടെ കൂടുതൽ പ്രതിരോധത്തിൽ ആകുമെന്നാണ് സൂചന.












