മക്ക : മെര്‍സ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഹജ് ബലിമൃഗ പട്ടികയില്‍ നിന്ന് ഇത്തവണ ഒട്ടകത്തെ ഒഴിവാക്കി. തീര്‍ത്ഥാടകരുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഒട്ടകങ്ങളെ ബലിയറുക്കുന്നതിന് സൗദി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെര്‍സ് രോഗം ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം 500 കടന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയത്. ആടുമാടുകള്‍ക്കു പുറമെ സാധാരണ ഒട്ടകത്തെയും ഹാജിമാര്‍ ബലികര്‍മത്തിനു തിരഞ്ഞെടുക്കാറുണ്ട്. തീര്‍ഥാടകര്‍ അലങ്കരിച്ച ഒട്ടകങ്ങള്‍ക്കൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്. ഒട്ടകത്തിന്റെ മാംസം, പാല് എന്നിവ ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്കി. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടാകുന്ന മെര്‍സ് രോഗം (മിഡില്‍ ഈസ്റ്റ് െറസ്പിറേറ്ററി സിന്‍ഡ്രോം) ഒട്ടകങ്ങളുമായി ഇടപഴകുന്നവരിലാണ് രാജ്യത്ത് ആദ്യമായി കണ്ടെത്തിയത് എന്ന പഠന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പുണ്യകേന്ദ്രങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള മറ്റു സ്ഥലങ്ങളില്‍ നിന്നും ഒട്ടകങ്ങളെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. മിന, അറഫ, മുസ്ദലിഫ, മക്ക, മദീന തുടങ്ങി തീര്‍ഥാടകര്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഒട്ടകത്തിനു വിലക്കുണ്ട്. ഇത്തവണ ബലി കൂപ്പണ്‍ വില 475 റിയാലായി (ഏകദേശം 8,400 രൂപ) നിശ്ചയിച്ചു. ബലിമാംസം പ്രയോജനപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിദേശ രാജ്യങ്ങളിലെ ഹജ് മിഷന് മേധാവികള്‍ക്ക് മുന്നില്‍ ഐഡിബി ചെയര്മാന് ഡോ. അഹമ്മദ് അലി വിശദീകരിച്ചു.
Discussion about this post