ഡൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ‘ശൗര്യ‘ മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയമാക്കി ഇന്ത്യ. ആണവ വാഹക ശേഷിയുള്ള ശൗര്യ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ഒഡിഷയിലെ ബലാസോറിൽ നിന്നാണ് പരീക്ഷിച്ചത്.
800 കിലോമീറ്ററിന് അപ്പുറം സ്ഥിതി ചെയ്യുന്ന ലക്ഷ്യങ്ങളെ ഭേദിക്കാൻ മിസൈലിന് സാധിക്കും. നിലവിൽ സൈന്യത്തിന്റെ ഭാഗമായിരിക്കുന്ന ഇതിന്റെ പഴയ വകഭേദത്തേക്കൾ ഭാരം കുറഞ്ഞതും ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദവുമാണ് പുതിയ പതിപ്പ്.
അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്ന കെ-15 ബാലിസ്റ്റിക് മിസൈലിന്റെ രൂപാന്തരമാണ് ശൗര്യ. കരയിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഹൈപ്പർസോണിക് വേഗതയിൽ അന്തരീക്ഷത്തിൽ ചലിക്കാൻ സാധിക്കുന്ന ശൗര്യ, ശബ്ദത്തേക്കൽ അഞ്ച് മടങ്ങ് വേഗത്തിലാകും സഞ്ചരിക്കുക. ശത്രുവിന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് അതിവേഗം ഒഴിഞ്ഞു മാറി ലക്ഷ്യം ഭേദിക്കാൻ ഇതിന് ശേഷിയുണ്ട്.
ഖര ഇന്ധനമാണ് ശൗര്യയുടെ കരുത്ത്. ക്രൂസ് മിസൈലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സ്വയം നിയന്ത്രിതമായി സഞ്ചരിക്കാൻ കഴിയുന്ന രൂപകൽപ്പനയാണ് ശൗര്യയുടേത്.
മിസൈലുകളുടെയും യുദ്ധോപകരണങ്ങളുടെയും നിർമ്മിതിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മുന്നേറ്റം തീർക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ഡി ആർ ഡി ഓ. 400 കിലോമീറ്ററായി പ്രഹരപരിധി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലും കഴിഞ്ഞയാഴ്ച ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
Discussion about this post