അഞ്ച് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ആദ്യമായി മുഖാമുഖം വരുന്നു. ഗാൽവാൻ അതിർത്തിയിലെ രൂക്ഷമായ സംഘർഷത്തിന് ശേഷം ഇതാദ്യമാണ് രണ്ടു വൻ ശക്തികളുടെയും തലവന്മാർ ഒരു സമ്മേളനത്തിൽ സന്ധിക്കുന്നത്. നവംബർ 17-നാണ് ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സമ്മേളനമായ ബ്രിക്സ് ഉച്ചകോടി നടക്കുക.
ഗാൽവനിലും പാൻഗോങ് സോയിലും നടക്കുന്ന സംഘർഷങ്ങൾ ഇതുവരെ രമ്യമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെയും സൈനിക, നയതന്ത്ര പ്രതിനിധികൾ തമ്മിൽ അനവധി തവണ ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതികളൊന്നും ഇതുവരെ രണ്ടു വിദേശകാര്യമന്ത്രാലയങ്ങളും സ്ഥിരീകരിച്ചിട്ടില്ല.
2020 ജൂൺ 15-നാണ് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന പട്ടാളക്കാർ തമ്മിൽ രൂക്ഷമായ സംഘട്ടനം ഉണ്ടായത്. ദണ്ഡുകളും കമ്പി വടികളും ഉപയോഗിച്ചുണ്ടായ പോരാട്ടത്തിൽ ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടു. ചൈനയുടെ 43 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കെങ്കിലും, ഒരാൾ പോലും മരിച്ചതായി ചൈന ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
Discussion about this post