ന്യൂഡൽഹി : ശൗര്യ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ആദ്യമായാണ് വിജയകരമായ പരീക്ഷണം കഴിഞ്ഞ് ദ്രുതഗതിയിൽ ഒരു ആയുധം സൈന്യത്തിന്റെ ഭാഗമാകുന്നത്. അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഈ നടപടി.
ഭൗമ-ഭൗമ സൂപ്പർസോണിക് മിസൈലായ ശൗര്യയുടെ പരീക്ഷണം കഴിഞ്ഞ മൂന്നാം തീയതി ഒഡീഷയിലെ ബാലസോർ തീരത്തു വച്ചായിരുന്നു നടന്നത്. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ശൗര്യ, മാക് 7 വരെ വേഗതയാർജ്ജിക്കും.സെക്കൻഡിൽ, 2.4 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഈ മിസൈൽ, ഇന്ത്യൻ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്, ദേശീയ സുരക്ഷാ കൗൺസിൽ ഇന്ത്യ നിർദ്ദേശാനുസരണം വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.
200 -1000 കിലോ ഭാരമുള്ള പോർമുന വഹിക്കാൻ ശേഷിയുണ്ട് ഈ മിസൈലിന്. പ്രതിരോധമന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം, അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്നതും 5,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ളതുമായ ശൗര്യയുടെ നവീകരിച്ച പതിപ്പിന്റെ പരീക്ഷണത്തിനുള്ള ഒരുക്കത്തിലാണ് ഡിആർഡിഒ.
Discussion about this post