ഡൽഹി: ഇന്ത്യാ ചൈന ഏഴാം റൗണ്ട് ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിൻറെ പശ്ചാത്തലത്തിലാണ് ചർച്ച നടക്കുന്നത്.
അതിർത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ചൈന അതിർത്തിയിലെ സേനാ വിന്യാസം കുറിച്ചിട്ടില്ല. കിഴക്കൻ പ്രദേശത്തെ ചുഷുൽ പ്രദേശത്ത് വെച്ചാണ് ചർച്ച. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.
ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങിൻറെ നേതൃത്വത്തിൽ നടക്കുന്ന അവസാന ചർച്ചയായിരിക്കും ഇത്. ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോന്റെ കൈകളിലേക്കാണ് ഇനി ഈ ഉത്തരവാദിത്വം വരുന്നത്. ഇതുവരെ നടത്തിയ എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകിയത് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് ആണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി (കിഴക്കൻ ഏഷ്യ) നവീൻ ശ്രീവാസ്തവയും ഇന്ന് ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
അമ്പതിനായിരം സൈനികരെ ചൈന അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കിഴക്കൻ ലഡാക്കിന്റെ മുഴുവൻ പ്രദേശത്തെക്കുറിച്ചും ഇന്ത്യ ചൈനയുമായി സംസാരിക്കുന്നുണ്ട്. ഈ പ്രദേശത്ത് നിന്ന് ചൈനീസ് സൈനികരെ നീക്കം ചെയ്യണം എന്നതാണ് ഇന്ത്യയുടെ ആവശ്യം.
എന്നാൽ ചൈന സംസാരിക്കുന്നത് പാങ്കോംഗ് തടാകത്തെക്കുറിച്ചു മാത്രമാണ് . ഇക്കാര്യത്തിൽ ഇന്ത്യ നിരവധി തവണ എതിർപ്പ് ഉന്നയിച്ചിരുന്നു. അതിർത്തി തർക്കത്തിൽ കഴിഞ്ഞ അഞ്ച് മാസമായി ചൈനയുമായി ഇന്ത്യ ചർച്ചകൾ തുടരുകയാണ്.
Discussion about this post