തൃശൂര്‍: പൗരാണിക സമ്പത്തിന്റെ സംരക്ഷണ മികവിനുള്ള യുണെസ്‌കോയുടെ ഈവര്‍ഷത്തെ ഏഷ്യാപസഫിക് ഹെറിറ്റേജ് അവാര്‍ഡിന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം അര്‍ഹമായി. ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് യുണെസ്‌കോ അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹത നേടിയ ഏക നിര്‍മ്മിതിയാണ് വടക്കുംനാഥ ക്ഷേത്രം.
‘വാസ്തുശാസ്ത്രമെന്ന പാരമ്പര്യ നിര്‍മ്മാണസൂത്രത്തെ മികച്ച രീതിയില്‍ വിനിയോഗിക്കുന്നതിനും നിര്‍മ്മിതിക്ക് അനുഗുണമായ പരമ്പരാഗത ചടങ്ങുകള്‍ മിഴിവോടെ നടത്തിക്കൊണ്ടുപോകുന്നതിനും’ വടക്കുംനാഥ ക്ഷേത്രത്തിന് അവാര്‍ഡ് നല്‍കുന്നതായി യുണെസ്‌കോ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
ഒരുവര്‍ഷം മുമ്പ് വടക്കുംനാഥ ക്ഷേത്രത്തിന്റെ അറുപത് ശതമാനത്തോളം നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി പുതുക്കിപ്പണിരുന്നു. നേരത്തേയുണ്ടായിരുന്ന കൊത്തുപണികളും കല്‍ക്കെട്ടുകളും മരപ്പണികളും അതേപടി നിലനിര്‍ത്തി ജീര്‍ണ്ണാവസ്ഥയിലായവ മാറ്റുകയാണ് ചെയ്തത്. തൃശൂര്‍ പൂരമെന്ന ചരിത്രപശ്ചാത്തലമുള്ള ഉത്സവം മികച്ച രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന വടക്കുംനാഥ ക്ഷേത്രം യുണെസ്‌കോയുടെ അംഗീകാരം ലഭിച്ചതോടെ അന്തര്‍ദ്ദേശീയ ടൂറിസം സര്‍ക്യൂട്ടിലും സ്ഥാനം പിടിക്കും.
ലാവോസിലെ സിങ് തോങ് ക്ഷേത്രത്തിനാണ് ഈവര്‍ഷത്തെ യുണെസ്‌കോ മെറിറ്റ് അവാര്‍ഡ്. ലാവോസിന് ആദ്യമായാണ് യുണെസ്‌കോയുടെ പുരസ്‌കാരം ലഭിക്കുന്നത്.
Discussion about this post