അന്തരിച്ച മുൻ ലോകസഭാ എം.പി ഡോ. ബാലസാഹേബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മകഥയുടെ പേര് ‘ധേ വേചവ കരണി’ എന്നാണ്. ബാലസാഹേബ് വിഖേ പാട്ടീലിന്റെ ആത്മകഥ പ്രകാശനം ചെയ്തത് ഇന്നാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതകഥകൾ മഹാരാഷ്ട്രയിലെങ്ങും നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്യവേ നരേന്ദ്രമോദി പറഞ്ഞു.
ദരിദ്രരുടെ പുരോഗതി, മഹാരാഷ്ട്രയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആത്മാർത്ഥമായി പരിശ്രമിച്ച ബാലസാഹേബിന്റെ പ്രവർത്തനങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകുമെന്നും രാഷ്ട്രീയത്തിലിറങ്ങിയതിനു ശേഷവും സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം കൂടുതൽ സമയം കണ്ടെത്തിയിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിലൂടെയെങ്ങനെ സമൂഹത്തിൽ അർത്ഥപൂർണ്ണമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് കാണിച്ചു തന്നതും ബാലസാഹേബാണെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുള്ള വ്യക്തിയാണ് ഡോ. ബാലസാഹേബ് വിഖേ പാട്ടീൽ.









