ഡല്‍ഹി: ദീന്‍ദയാല്‍ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി ജമ്മു-കശ്മീരിനും ലഡാക്കിനും 520 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.അഞ്ച് വര്‍ഷത്തിനുള്ളില്‍ ജമ്മു-കശ്മീരിലും ലഡാക്കിലുമുള്ള 10.58 ലക്ഷം വനിതകള്‍ക്ക് പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ദീന്‍ദയാല്‍ അന്ത്യോദയ യോജന രാജ്യത്ത് ഏറെ പ്രചാരം നേടിയ പദ്ധതിയാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ജമ്മു-കശ്മീരിലെയും ലഡാക്കിലെയും വളരെ കുറച്ച് വനിതകള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ഇപ്പോള്‍ ഈ മേഖലകള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ശതമാനം ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമങ്ങളിലെ ജനങ്ങളുടെ നെെപുണ്യ വികസനമാണ് ദീന്‍ദയാല്‍ അന്ത്യോദയ യോജനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവിടുത്തെ ഗ്രാമീണ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വനിതാ ശാക്തീകരണത്തിനുമുള്ള നടപടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. 66 ലക്ഷം സ്വയം സഹായസംഘങ്ങളും ഏഴ് കാേടി വനിതകളും പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post