ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചൈനീസ് സൈനികരോട് യുദ്ധത്തിനു സജ്ജമാകാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവൻ അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തു വന്നിട്ടുള്ളത്.
ചൊവ്വാഴ്ച ഗുവാങ്‌ഡോങ് സൈനിക ക്യാമ്പ് സന്ദർശിച്ചപ്പോഴാണ് ഷി ജിൻപിങ് സൈനികരോട് മനസ്സും ഊർജവും യുദ്ധ തയ്യാറെടുപ്പുകൾക്കായി സമർപ്പിക്കാനും ജാഗ്രത പാലിക്കാനും നിർദേശം നൽകിയതെന്ന് ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ അതിർത്തിയിൽ നിർമാണങ്ങൾ നടത്തുന്നതിനെതിരെ ചൈന രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഷി ജിൻപിങ് സൈനികരോട് യുദ്ധത്തിനു സജ്ജരാകാൻ ആവശ്യപ്പെട്ടത്.
പീപ്പിൾസ് ലിബറേഷൻ ആർമി മറൈൻ കോർപ്സിൽ ഷി ജിൻപിംഗ് നടത്തിയ പ്രസംഗത്തിലൂടെ പോരാട്ട ശേഷി മെച്ചപ്പെടുത്തുക, മേഖലയിലുടനീളം ധൃതഗതിയിൽ പ്രതികരിക്കുക, അതീവ ജാഗ്രത പുലർത്തുക എന്നിവയാണ് നിർദേശിച്ചതെന്ന് ഷിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.











