ബെംഗളൂരു: എം.എം. കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നവരെന്നു സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.
കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളില്‍നിന്നും സമീപവാസികളില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹുബ്ബള്ളിധാര്‍വാഡ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. മുപ്പതിനും നാല്പത്തിയഞ്ചിനുമിടയ്ക്ക് പ്രായമുള്ളവരാണ് കൊലയാളികളെന്നാണു വിവരം. രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘം തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കൊലപാതകം നടന്ന ആഗസ്ത് 30ന് രാവിലെ കല്‍ബുര്‍ഗിയുടെ ധാര്‍വാഡിലെ കല്ല്യാണ്നഗറിലുള്ള വീടിനുസമീപം രണ്ടു യുവാക്കള്‍ ചുറ്റിത്തിരിയുന്നതായി ചില സമീപവാസികള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. കല്‍ബുര്‍ഗിയുടെ കുടുംബാംഗങ്ങളും കൊലയാളികളില്‍ ഒരാളെ കണ്ടിരുന്നു. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.
ഇതിനിടെ ബുധനാഴ്ച ധാര്‍വാഡിലെത്തിയ സി.ഐ.ഡി. അന്വേഷണസംഘം കല്ല്യാണ്നഗറിലെ വീട്ടിലെത്തി തെളിവെടുത്തു. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. വീടിനു സമീപമുള്ള സി.സി.ടി.വി.യിലെ ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. എസ്.പി. ഡി.സി. രാജപ്പയുടെ നേതൃത്വത്തിലുള്ള നാലു സംഘങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Discussion about this post