കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു. പുഷ്പന്റെ മൂത്ത സഹോദരൻ പി ശശിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
സി.പി.എം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് സജീവ സി.പി.എം പ്രവർത്തകനായിരുന്ന ശശി പാർട്ടി ബന്ധം ഉപേഷിച്ച് ബി ജെ പിയിൽ ചേർന്നത്. ബിജെപി തലശ്ശേരി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബുവാണ് ശശിയ്ക്ക് ബിജെപി അംഗത്വം നൽകിയത്. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ശശി വ്യക്തമാക്കി.
മേഖലയിലെ കൂടുതൽ ആളുകൾ ബി ജെ പിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും സിപിഎം നേതൃത്വത്തിന്റെ നിലപാടുകളിൽ അടിത്തട്ടിലെ പ്രവർത്തകർ അതൃപ്തരാണെന്നും ശശി പറഞ്ഞു. സി പി എം നേതൃത്വത്തിന്റെ ഭിഷണി അവഗണിച്ച് അതൃപ്തരായ പ്രവർത്തകർ ഇനിയും ബി ജെ പിയിലേക്കെത്തുമെന്നും നൂറാം പിറന്നാളിൽ സി.പി.എമ്മിന് ലഭിച്ച സമ്മാനമാവുമിതെന്നും അഡ്വക്കേറ്റ് പ്രകാശ് ബാബു പ്രതികരിച്ചു. ശശിക്കൊപ്പം ചൊക്ലി മേഖലയിലെ നിരവധി പ്രവർത്തകരും ബിജെപിയിൽ ചേർന്നു.
https://www.facebook.com/Adv.prakashbabu/posts/3355988534523816
കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നാണ് പുഷ്പൻ അറിയപ്പെടുന്നത്. പരിയാരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് നടന്ന സ്വാശ്രയ സമരത്തിൽ എം.വി രാഘവനെ തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിലാണ് പുഷ്പന് ഗുരുതരമായി പരിക്കേറ്റത്. എന്നാൽ പിനീട് ഇതേ രാഘവനെ സിപിഎം സ്വീകരിക്കുകയും മകനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തയ്യാറാവുകയും ചെയ്തിരുന്നു. ഇതിനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ശശി ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്.
Discussion about this post