തൃശ്ശൂർ : വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെതുടർന്ന് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ചേനം പണിക്കശ്ശേരി ഹരിഹരൻ മകൻ മിഥുൻ (28), എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി സച്ചിൻ പ്രകാശ് (26), പൂവത്തൂർ അർജുനന്റെ മക്കളായ സന്ദീപ് (28), സഞ്ജു (25) എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്.
അടിച്ചു കേടുവരുത്തിയ നിലയിൽ മിഥുൻ ഓടിച്ചിരുന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. നാലുപേരെയും സംഘട്ടനത്തിനു ശേഷം ചേർപ്പ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് ഇരു വിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘട്ടനമുണ്ടായി. തല്ല് നടന്നത് പോലീസ് നോക്കി നിൽക്കെയാണ്. ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.











