കഠ്മണ്ഡു: ചൈന തുടർച്ചയായി നേപ്പാൾ ഭൂമി കയ്യേറുന്നതിൽ പ്രതിഷേധിച്ച് നേപ്പാളിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. നേപ്പാളിലെ പ്രമുഖ കോൺഗ്രസ് നേതാവായ ജീവൻ ബഹദൂർ ഷാഹി ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
ചൈന നേപ്പാളിലെ ഹുംലയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്നും ശേഷം പ്രദേശം കയ്യേറുകയായിരുന്നെന്നും ഹിമാലയ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ജീവൻ ബഹദൂർ ഷാഹി ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങൾക്കുമിടയിലുള്ള അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് നേപ്പാളിന്റെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള നടപടികൾ ചൈനയാരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപണികൾ നടത്തുകയാണെന്ന വ്യാജേനയാണ് നേപ്പാളിന്റെ ഭൂമിയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം നേപ്പാൾ ഭരണകൂടത്തെ ചൈന അറിയിച്ചിട്ടില്ലെന്നും ജീവൻ ബഹദൂർ ഷാഹി കൂട്ടിച്ചേർത്തു.
നേപ്പാളിലെ ഭരണപാർട്ടിയായ നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം രാജ്യം ചൈനയ്ക്കു മുമ്പിൽ അടിയറവു വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചൈന രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവായ ജീവൻ ബഹദൂർ ഷാഹി വ്യക്തമാക്കി.
Discussion about this post