ബീജിംഗ് : തായ്‌വാനുമായി വാണിജ്യബന്ധത്തിലേർപ്പെടാൻ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ചൈന. ഇന്ത്യ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നും തായ്‌വാനോട് ഇടപെടുന്നത് വിവേകത്തോടെ ആയിരിക്കണമെന്നും വ്യക്തമാക്കിയാണ് ചൈനയിപ്പോൾ രംഗത്തുവന്നിട്ടുള്ളത്. ദിവസങ്ങൾക്കു മുമ്പ് ടിബറ്റൻ മേഖലയുടെ മേൽനോട്ടത്തിനായി അമേരിക്ക നിയമിച്ച റോബർട്ട് ദെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട ഭരണകൂടത്തിന്റെ അധ്യക്ഷനായ ലോബ്സാംഗ് സാൻഗേയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെതിരെയും ചൈന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയും അമേരിക്കയും ചൈനക്കെതിരെ നടത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ ചൈനയെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ.
തായ്‌വാൻ ചൈനയുടെ ഒരു ഭാഗം മാത്രമാണെന്നും ഏകീകൃത ചൈനാ നയം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. മറ്റു രാജ്യങ്ങൾ തായ്‌വാനുമായി നയതന്ത്ര ബന്ധത്തിലേർപ്പെടുന്നത് ചൈന ശക്തമായി എതിർക്കുമെന്നും ഷാവോ ലിജിയൻ അറിയിച്ചു. ഇതിനു മുമ്പും തായ്‌വാനെ ഒരു രാജ്യമായി കണക്കാക്കരുതെന്ന് ആവശ്യപ്പെട്ട് ചൈന രംഗത്തുവന്നിരുന്നു.
Discussion about this post