തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ്മെട്രോയ്ക്ക് ഡി.എം.ആര്.സി തയ്യാറാക്കിയ പദ്ധതിരേഖ അംഗീകരിച്ച് ഉത്തരവിറക്കാന്‍ തീരുമാനം. 9ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഫയല്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ലൈറ്റ്മെട്രോയ്ക്ക് ഭരണാനുമതി നല്കുന്ന ഉത്തരവ്, പദ്ധതിചിലവ് എങ്ങനെ കണ്ടെത്തുമെന്ന റിപ്പോര്‍ട്ട്, നഗരഗതാഗതം പുന:ക്രമീകരിക്കുന്നതിന്റെ മൊബിലിറ്റി പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി പുതുക്കിയ അപേക്ഷ സെപ്തംബര്‍ 11നകം കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതിനുശേഷം കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയംതേടും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷിച്ചാല്‍ അഞ്ചുമാസത്തിനകം ലൈറ്റ്മെട്രോയ്ക്ക് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം നേടാമെന്ന് ഇന്നലെ കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് ഇ.ശ്രീധരന് വീണ്ടും ഉറപ്പുനല്‍കി. കേന്ദ്രവിഹിതം നിശ്ചയിച്ച് തുകയും ആവശ്യപ്പെടണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ 20ശതമാനം വിഹിതവും ശേഷിക്കുന്ന 60ശതമാനം വിദേശസഹായവുമെന്നാണ് പദ്ധതിരേഖയിലുള്ളത്. എന്നാല്‍ പത്തുശതമാനം വീതം കേന്ദ്രസംസ്ഥാന വിഹിതവും 80ശതമാനം ജപ്പാന് വായ്പയും ചേര്‍ത്ത് ലൈറ്റ്മെട്രോ പൂര്‍ത്തിയാക്കാമെന്നാണ് ഇ.ശ്രീധരന്റെ ശുപാര്‍ശ. ഇതില്‍ ഏത് വേണമെന്ന് ഉറപ്പിക്കാതെ കേന്ദ്രം അപേക്ഷ പരിഗണിക്കില്ലെന്നും മുഖ്യമന്ത്രിയോട് ശ്രീധരന് പറഞ്ഞു. ഡി.എം.ആര്.സിയെ ലൈറ്റ് മെട്രോയുടെ ഇടക്കാല കണ്സള്ട്ടന്റാക്കാനും ധാരണയായി.
Discussion about this post