ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിന്റെയോ നിയമസംവിധാനത്തിന്റെയോ സുഹൃത്തല്ലെന്ന മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി ചൈന.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അമേരിക്ക ഉയർത്തുന്നതെന്നും ചൈന ഒരു ഭീഷണിയല്ല അവസരമാണെന്നും എതിരാളിയല്ല സുഹൃത്താണെന്നുമാണ് ചൈനീസ് വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വക്താവായ വാങ് വെൻബിൻ പറഞ്ഞത്. ഇൻഡോ-പസഫിക് നയതന്ത്രം യു.എസിന്റെ പഴയ ശീതസമര നയമാണെന്ന് വാങ് വെൻബിൻ കൂട്ടിച്ചേർത്തു. മാത്രമല്ല, ചൈനയും അയൽരാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാനും പ്രാദേശിക സമാധാനവും സ്ഥിരതയും ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ പോംപിയോ അവസാനിപ്പിക്കണമെന്ന് വാങ് ആവശ്യപ്പെട്ടു.
പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ച സാഹചര്യത്തിലാണ് ചൈനയുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ സന്ദർശനവേളയിൽ മൈക്ക് പോംപിയോ നടത്തിയ പ്രസ്താവനക്കെതിരെയാണ് ചൈനയിപ്പോൾ രംഗത്തു വന്നിട്ടുള്ളത്.
Discussion about this post