ഇസ്താംബൂൾ : കാരിക്കേച്ചറിലൂടെ പ്രസിഡന്റ് തയിപ്പ് എർഡ്രോഗനെ പരിഹസിച്ചതിനു ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർളി ഹെബ്ദോയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് തുർക്കി. ഓൺലൈനായി ചൊവ്വാഴ്ച റിലീസ് ചെയ്ത മാഗസീനിലാണ് തയ്യിപ്പ് എർഡ്രോഗനെ കളിയാക്കുന്ന കാരിക്കേച്ചറുള്ളത്.
നേരത്തെ, ഫ്രാൻസിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ വിദ്യാർത്ഥികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് സ്കൂൾ അധ്യാപകനെ യുവാവ് കഴുത്തറുത്തു കൊന്ന സംഭവത്തോടെയാണ് ഫ്രാൻസ് -തുർക്കി ബന്ധം കൂടുതൽ വഷളായത്. അതിനു പിന്നാലെ തുർക്കി പ്രസിഡന്റിനെ പരിഹസിക്കുന്ന കാരിക്കേച്ചർ ഫ്രഞ്ച് മാസികയിൽ പ്രസിദ്ധീകരിച്ചത് രാജ്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
‘ഇൻ പ്രൈവറ്റ് ഹി ഈസ് ഫണ്ണി’ എന്ന തലക്കെട്ടോടെയാണ് ചാർളി ഹെബ്ദോയുടെ മുഖചിത്രമായി തുർക്കി പ്രസിഡന്റ് എർദൊഗാന്റെ കാരിക്കേച്ചർ കൊടുത്തിരിക്കുന്നത്. ബിയർ ബോട്ടിലുമായി സോഫയിലിരിക്കുന്ന എർദൊഗാൻ ഗ്ലാസുമായെത്തിയ പർദ്ദ ധരിച്ച സ്ത്രീയുടെ വസ്ത്രം ഉയർത്തുന്നതാണ് കാരിക്കേച്ചർ. സംഭവത്തിൽ ചാർളി ഹെബ്ദോ മാഗസീനെതിരെ വിശദമായ അന്വേഷണത്തിന് തുർക്കി ഉത്തരവിട്ടിട്ടുണ്ട്.











