ഫരീദാബാദ്: നികിത തോമർ എന്ന വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി തൗസീഫ് തന്റെ പേരും മതവും മറച്ചുവെച്ച് പെൺകുട്ടിയുമായി കൂട്ടുകൂടാൻ നേരത്തെ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. അങ്കിത് എന്ന ഹിന്ദുനാമധേയത്തിൽ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കാൻ തൗസീഫ് ശ്രമിച്ചിരുന്നതായാണ് വിവരം.
നികിത ഹയർ സെക്കൻഡറിക്ക് പഠിച്ചിരുന്ന സ്കൂളിൽ സീനിയർ വിദ്യാർത്ഥിയായിരുന്നു തൗസീഫ്. നികിതയുമായി അടുപ്പം സ്ഥാപിക്കുന്നതിനായി ഇയാൾ അങ്കിത് എന്ന വ്യാജനാമം ഉപയോഗിച്ച് പരിചയപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പിടിക്കപ്പെട്ടത് അയാൾക്ക് തിരിച്ചടിയായെന്ന് നികിതയുടെ സുഹൃത്ത് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതിനിടെ തൗസീഫിന് തോക്ക് എത്തിച്ചു നൽകിയയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആജ്രു എന്നയാൾ ഹരിയാനയിലെ നൂഹിൽ നിന്നാണ് പിടിയിലായിരിക്കുന്നത്. നികിതയെ കൊലപ്പെടുത്തിയ സമയത്ത് പ്രതി തൗസീഫിനൊപ്പം ഉണ്ടായിരുന്ന റെഹാനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
മകളെ നിരന്തരം ശല്യപ്പെടുത്തിയതിന് തൗസീഫിനെതിരെ രണ്ട് വർഷം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നതായി നികിതയുടെ അമ്മ പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് പ്രതിയുടെ കുടുംബം ഉറപ്പ് നൽകിയതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
മതം മാറാൻ വിസമ്മതിച്ചതിന് നികിത തോമർ എന്ന ബി.കോം വിദ്യാർത്ഥിനിയെ കഴിഞ്ഞയാഴ്ചയാണ് പ്രതി തൗസീഫ് വെടിവെച്ച് കൊലപ്പെടുത്തിയത്. നികിതയെ തൗസീഫ് കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ശക്തമായി എതിർത്തതോടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു.
Discussion about this post