ശാരദാ പീഠം തുറന്നു കൊടുക്കാമെന്നുള്ള പാക് സർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിൽ കശ്മീരിൽ പ്രതിഷേധം ഉയരുകയാണ്. പ്രശസ്ത തീർത്ഥാടന കേന്ദ്രവും, ശാക്തേയരുടെ പുണ്യസ്ഥലവുമായ ശാരദാ പീഠം, പാക് അധിനിവേശ കശ്മീരിലെ നീലം ജില്ലയിൽ നിയന്ത്രണ രേഖയിൽ നിന്നും 10 കിലോമീറ്റർ ഉള്ളിലോട്ട് മാറിയാണ് സ്ഥിതി ചെയ്യുന്നത്.
ശാക്തേയ വിശ്വാസപ്രകാരം ദേവിയുടെ പ്രധാനപ്പെട്ട ശക്തി പീഠങ്ങളിൽ ഒന്നാണ് ശാരദാ പീഠം. ഭഗവാൻ മഹാവിഷ്ണു ഛേദിച്ച സതീദേവിയുടെ വലതുകൈ വന്നു വീണത് ശാരദാ പീഠത്തിലാണ് എന്നാണ് വിശ്വാസം. അതിനാൽ തന്നെ, ദേവി ഭക്തർക്ക് വളരെ പ്രധാനപ്പെട്ടതാണ് ശാരദ പീഠത്തിലെ ദർശനം. പുരാതന ഭാരതത്തിലെ അതിപ്രധാന ക്ഷേത്ര സർവകലാശാലകളിൽ ഒന്നായിരുന്നു ശാരദാ പീഠം.2018-ൽ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ശാരദ പീഠം ഇതിലേക്ക് പ്രവേശനം അനുവദിക്കാമെന്ന് ഇന്ത്യൻ മാധ്യമങ്ങൾക്ക് വാക്കു നൽകിയിരുന്നതാണ്. എന്നാൽ പതിവു പോലെ, ഭരണകൂടം വാക്കു മാറുകയായിരുന്നു.
ഒരുകാലത്ത് ശൈവ, ശാക്തേയ സമ്പ്രദായങ്ങളുടെ ഈറ്റില്ലമായിരുന്ന കശ്മീരിൽ ഇതിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ ഐക്യരാഷ്ട്ര സംഘടനയിൽ അടക്കം ഇന്ത്യ ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞു. സേവ് ശാരദ കമ്മിറ്റി കാശ്മീർ, അഥവാ എസ്.എസ്. സി.കെ എന്നപേരിൽ ശാരദാ പീഠ സന്ദർശനം യാഥാർഥ്യമാക്കാൻ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്.
“ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ കേന്ദ്രമാണ് വിഭജനത്തോടെ ഞങ്ങൾക്ക് നഷ്ടമായത്. 70 വർഷമായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട തീർത്ഥാടന കേന്ദ്രം അനുദിനം നശിച്ചു കൊണ്ടിരിക്കുകയാണ്.” -സംഘടനയുടെ പ്രസിഡണ്ട് രവീന്ദർ പണ്ഡിത പറയുന്നു. 1948 വരെ ശാരദാ മഠാധിപതി ആയിരുന്നത് സ്വാമി നന്ദലാൽ എന്നൊരു സന്യാസിയായിരുന്നു. ഇരു സർക്കാരുകൾക്കും വലിയ ചിലവില്ലാതെ യാഥാർത്ഥ്യമാക്കാൻ പറ്റുന്ന ഒരു പദ്ധതിയാണ് ശാരദയുടെ സന്ദർശനം. പാക് സർക്കാർ വിചാരിച്ചാൽ, ചെറിയൊരു ഭേദഗതിയിലൂടെ ഈ പുണ്യക്ഷേത്രം ഹിന്ദു തീർത്ഥാടകർക്ക് തുറന്നു കൊടുക്കാൻ സാധിക്കുമെന്നും പണ്ഡിത വ്യക്തമാക്കുന്നു.
Discussion about this post