വിയന്ന : ഓസ്ട്രിയയിൽ, തലസ്ഥാനമായ വിയന്നയുടെ 6 പ്രദേശങ്ങളിൽ ഭീകരാക്രമണം. വിവിധ സ്ഥലങ്ങളിൽ നടന്ന വെടിവെയ്പ്പിൽ ഒരു ഭീകരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
ഞായറാഴ്ച രാത്രി, പ്രദേശിക സമയം എട്ടുമണിയോടെയാണ് വെടിവെപ്പുണ്ടായത്. സിറ്റി സെന്ററിന്റെ അടുത്തും, സെൻട്രൽ സിനഗോഗിനടുത്തും അക്രമികൾ അലക്ഷ്യമായി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ സുരക്ഷാസേന, ഒരു അക്രമിയെ വെടിവെച്ചു കൊന്നു. മറ്റുള്ള അക്രമികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. നഗരത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
തോക്കേന്തിയ അക്രമികൾ അലക്ഷ്യമായി തെരുവിലൂടെ നടന്നു കണ്ടവരെയെല്ലാം വെടിവയ്ക്കുന്നതിന്റെ ചിത്രങ്ങൾ ജനങ്ങളിൽ ചിലർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത്, ചൊവ്വാഴ്ച അർധരാത്രി മുതൽ ഓസ്ട്രിയൻ സർക്കാർ ഔദ്യോഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
Discussion about this post