കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ‘എസിപി’ എന്ന പേരില്‍ പോലിസുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഇസ്മയിലില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോകാതിരിക്കാന്‍ രാഷ്ട്രീയ സമര്‍ദ്ദം. സ്വര്‍ണക്കടത്തുകാരും, പോലിസുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക കണ്ണിയായ മുവാറ്റപുഴ സ്വദേശി ഇസ്മയിനുള്ള ഉന്നത രാഷ്ട്രീയ ബന്ധമാണ് അന്വേഷണം ശരിയായ ദിശയില്‍ നടക്കാത്തതിന് പിന്നില്‍.
സ്വര്‍ണക്കടത്തുമായി എറണാകുളം ജില്ലയിലെ ഡിവൈഎസ്പി പോസ്റ്റിലുള്ള പോലിസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ 14 പോലിസുകാര്‍ക്ക് പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇസ്മയില്‍ അറസ്റ്റിലായതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നായിരുന്നു കണക്ക് കൂട്ടല്‍. കേസില്‍ പോലിസുകാര്‍ക്കുള്ള ബന്ധം പുറത്ത് വന്നാല്‍ അതിന് പിറകെ കള്ളക്കടത്തുമായി ബന്ധമുള്ള ചില രാഷ്ട്രീയക്കാരുടെ പേരുകളും പുറത്ത് വരും. ഇതൊഴിവാക്കാന്‍ ശക്തമായ സമര്‍ദ്ദമാണ് ആഭ്യന്തര വകുപ്പില്‍ നടക്കുന്നത്.
പോലിസ് അന്വേഷണത്തിനെന്ന വ്യാജേന ഇസ്മയില്‍ ഏര്‍പ്പാടാക്കിയ വാഹനങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥന്മാര് സ്വര്‍ണം കടത്തിയെന്നതുള്പ്പടെ ഗുരുതരമായ കണ്ടെത്തലുകളാണ് കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. സര്‍ക്കില്‍ റാങ്കിലുള്ള പോലിസ് ഉദ്യോഗസ്ഥനും കള്ളക്കടത്ത്കാര്ക്കായി പ്രവര്‍ത്തിച്ചതായാണ് സൂചന. കസ്റ്റംസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന പെരുമറ്റം സ്വദേശികളായ ചിലര്‍ ഒളിവിലായിരുന്ന സമയത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ അവരുടെ വീട്ടിലേക്ക് പണം എത്തിച്ചത് ചില പോലിസുകാരാണെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളും അന്വേഷണത്തിലാണ്.
അറസ്റ്റിലായ ഇസ്മയില്‍ ജില്ലയിലെ ഒരു മന്ത്രിയുമായി ബന്ധമുള്ളയാളാണെന്നും വാര്‍ത്തകളുണ്ട്. ചില ജനപ്രതിനിധികളെയും ഇയാള്‍ കള്ളക്കടത്ത് ലോബിയുമായി ബന്ധപ്പെടുത്തിയിരുന്നു.
ഇതിനിടെ സ്വര്‍ണക്കടത്തിന്റെ രാജ്യാന്തര ബന്ധത്തെ കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ അന്വേഷണപുരോഗതി നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിന് സഹായം നല്കിയ പോലിസ് ഉദ്യാഗസ്ഥരും, കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
കേസില്‍ പോലിസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടല്‍ സംബന്ധിച്ച വാര്‍ത്ത ബ്രേവ് ഇന്ത്യ ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കുന്നതാണ് ഇസ്മയിലിന്റെ അറസ്റ്റ്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ പോലിസുകാര്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിട്ടും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ തയ്യാറായില്ല. നേരത്തെ സ്വര്‍ണക്കടത്തില്‍ പോലിസുകാരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന സ്പെഷന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും വകുപ്പ് അവഗണിച്ചിരുന്നു.
Discussion about this post