കശ്‍മീർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനിന്റെ കമാൻഡർമാരെ കൊലപ്പെടുത്തിയതിനു പിന്നാലെ, ജമ്മുകശ്മീരിലെ പ്രധാന ഭീകരരുടെ പട്ടിക തയ്യാറാക്കി സുരക്ഷാ ഉദ്യോഗസ്ഥർ. ജമ്മുകശ്മീരിൽ ഭീകരവാദമില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ ഹിസ്ബുൾ മുജാഹിദീനിന്റെയും ലഷ്കർ-ഇ-ത്വയ്ബയുടേയും മുഖ്യ കമാന്റർമാരായ 7 പേരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവർക്കെതിരെ സൈനിക നീക്കം നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
ദിവസങ്ങൾക്കു മുമ്പ് ഹിസ്ബുൾ മുജാഹിദീനിന്റെ ടോപ് കമാന്റർമാരായിരുന്ന റിയാസ് നായ്കുവിനെയും ഡോ.സൈഫുള്ള മിറിനെയും സൈന്യം എൻകൗണ്ടറിൽ വധിച്ചിരുന്നു. ഈ വർഷം ജമ്മുകശ്മീരിൽ ഇരുന്നൂറിലധികം ഭീകരരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. അതേസമയം, ചൈനീസ് ഡ്രോണുകളുപയോഗിച്ച് ജമ്മുകശ്മീരിലും പഞ്ചാബിലുമുള്ള ഭീകരർക്ക് പാകിസ്ഥാൻ ആയുധമെത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്ത്യൻ ഇന്റലിജെന്റ്സ് ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, ജമ്മുകശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പാക് ചാര സംഘടനയായ ഐ.എസ്.ഐ, ചൈനീസ് ഡ്രോണുകൾ ഉപയോഗിച്ച് നീക്കങ്ങൾ നടത്താൻ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post