നടനും നർത്തകനുമായ വിനീതിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പ്. വിനീതാണെന്ന് തെറ്റിദ്ധരിപ്പിച്ച് നർത്തകിമാർക്ക് തൊഴിലും മറ്റു അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട വിനീത് അന്വേഷണമാവശ്യപ്പെട്ട് ഡി. ജി.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
വിനീതിന്റെ കുടുംബചിത്രമടക്കം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. സിനിമയിലെ ഒരു സുഹൃത്താണ് ഇതേ സംബന്ധിച്ച വിവരം നൽകിയതെന്നും തുടർന്ന് അന്വേഷിച്ചപ്പോഴാണ് തന്റെ പേരിൽ തട്ടിപ്പു നടത്തി വരുന്നതായി കണ്ടെത്തിയതെന്നും താരം പറഞ്ഞു. നാലു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിനീതിന്റെ പേരിൽ തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്.
തട്ടിപ്പു നടത്താൻ ഉപയോഗിക്കുന്നത് വാട്സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളാണ്. ഗൗരവമുള്ള വിഷയമാണിതെന്നും ആരും തട്ടിപ്പിനിരയാകാതിരിക്കാൻ അവബോധം നൽകാനാണ് പോലീസിൽ പരാതി നൽകിയതെന്നും വിനീത് വ്യക്തമാക്കി.
Discussion about this post