ദുബായ്: ഡൽഹി ക്യാപിറ്റൽസിനെതിരെ 57 റൺസിന്റെ ആധികാരിക വിജയവുമായി ഐപിഎൽ 13ആം സീസണിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഇരുപത് ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ഇരുപത് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ ഡൽഹിക്ക് സാധിച്ചുള്ളൂ.
നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സൂര്യകുമാർ യാദവ് 38 പന്തുകളില്‍ നിന്നും 51 റണ്‍സെടുത്തപ്പോൾ കിഷന്‍ 55 റണ്‍സും പാണ്ഡ്യ 37 റണ്‍സും നേടി പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ പാണ്ഡ്യയും കിഷനും കത്തിക്കയറിയപ്പോൾ മുംബൈ സ്കോർ 200ൽ എത്തി. നായകൻ രോഹിത് ശർമ്മയെ അശ്വിൻ പൂജ്യത്തിന് മടക്കിയപ്പോൾ ഓപ്പണർ ക്വിന്റൻ ഡി കോക്ക് 40 റൺസ് നേടി. ഡൽഹിക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റ് നേടി. നോർട്യെ, സ്‌റ്റോയിനിസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് തുടക്കത്തിലേ തകർന്നടിഞ്ഞു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പൃഥ്വി ഷായെ മടക്കിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രഹാനെയെയും മടക്കി. തൊട്ടടുത്ത ഓവറില്‍ ധവാനെ പൂജ്യനായി മടക്കി ബുംറ ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് വീഴ്ത്തി. ഇതോടെ പൂജ്യം റണ്‍സിന് മൂന്നുവിക്കറ്റ് എന്ന ദയനീയമായ അവസ്ഥയിലേക്ക് ഡൽഹി കൂപ്പുകുത്തി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായപ്പോൾ അർദ്ധ സെഞ്ചുറിയുമായി സ്റ്റോയിനിസ് പൊരുതി. 46 പന്തിൽ 65 റൺസെടുത്ത സ്റ്റോയിനിസിന് അക്ഷർ പട്ടേൽ മികച്ച പിന്തുണ നൽകി. എന്നാൽ ജയത്തിന് അത് തീരെ അപര്യാപ്തമായിരുന്നു.
മുംബൈ ഇന്ത്യൻസിന് വേണ്ടി ജസ്പ്രീത് ബൂമ്ര നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനവുമാണ് ബുംറ ഇന്ന് കാഴ്ചവെച്ചത്. ട്രെന്റ് ബോള്‍ട്ട് രണ്ടു വിക്കറ്റ് നേടിയപ്പോള്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ സാദ്ധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എലിമിനേറ്റർ കടക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറിൽ പരാജയപ്പെടുത്തിയാൽ ഡൽഹിക്ക് ഫൈനലിൽ മുംബൈയെ നേരിടാം.
Discussion about this post