ന്യൂഡൽഹി: കൊവിഡ് രോഗം ബാധിച്ച കുട്ടികളിൽ 70 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് മുന്നറിയിപ്പ്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഡൽഹിയാണ് രക്ഷിതാക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും ഇതേപറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കോവിഡ്-19 നിയന്ത്രണത്തിന് ഭാഗമായി നടന്ന നാഷണൽ ഗ്രാൻഡ് റൗണ്ട്സിലാണ് ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടത്. ഇന്ത്യയിലെ നിരവധി ഡോക്ടർമാരുടെ ഒരു വിർച്ച്വൽ പ്ലാറ്റ്ഫോമാണ് നാഷണൽ ഗ്രാൻഡ് റൗണ്ട്സ്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരായ ആരോഗ്യപ്രവർത്തകർ കോവിഡ് മഹാമാരിയെ നേരിടാൻ വേണ്ടിയുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ആശ്രയിക്കുന്നത് ഇതിനെയാണ്.
രോഗലക്ഷണങ്ങൾ ഇല്ലാതെയുള്ള കോവിഡ് ബാധയുടെ എഴുപത്തി മൂന്നര ശതമാനവും 12 വയസ്സിനു താഴെയുള്ള കുട്ടികളിൽ ആണ് കാണപ്പെടുന്നതെന്നും എയിംസ് മുന്നറിയിപ്പു നൽകുന്നു. രാജ്യത്ത് ഇതുവരെ നിർണയിക്കപ്പെട്ട കോവിഡ് കേസുകൾ 40 ശതമാനവും ലക്ഷണങ്ങൾ ഇല്ലാത്തവയാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post