കോഴിക്കോട്: മനുഷ്യ മന:സാക്ഷിയ്ക്ക് താങ്ങാനാവത്ത പീഡനങ്ങളാണ് കോഴിക്കോട്ട് പീഡനത്തിനിരയായ ആറു വയസ്സുകാരി നേരിട്ടതെന്ന് റിപ്പോർട്ടുകൾ. ഭാഷയറിയാത്ത ദേശത്ത് രാത്രിയിൽ ആരൊക്കെയോ ചേർന്ന് നേപ്പാൾ സ്വദേശിനിയായ കുഞ്ഞിനെ ക്രൂരതകൾക്ക് ഇരയാക്കുമ്പോൾ സുരക്ഷിത കേരളം എന്ന സങ്കൽപ്പമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഫ്ലക്സ് കൊണ്ട് മറച്ച കൂരയിലാണ് മാതാപിതാക്കൾക്കൊപ്പം പെൺകുട്ടി താമസിച്ചിരുന്നത്. കല്ലുകൊണ്ടു നിര്‍മിച്ചതാണെങ്കിലും വാതിലോ ജനലോ വീടിനില്ല. രക്ഷിതാക്കള്‍ ക്വാറിയില്‍ ജോലിക്ക് പോവുമ്പോഴും സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോഴും പെൺകുട്ടി സാധരണയായി വീടിനുള്ളിൽ തനിച്ചാണ്. പതിവ് പോലെ അന്നും പുറത്ത് പോയി തിരിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് ഹൃദയഭേദകമായ കാഴ്ചയാണ്. സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് പിടയുന്ന കുരുന്നിനെ.
അന്വേഷണം കൂടത്തായി കേസ് അന്വേഷിച്ച ബാലുശ്ശേരി എസ് എച്ച് ഓ ജീവൻ ജോർജ്ജിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഭാഷ ഒരു വലിയ വെല്ലുവിളിയാണ്. നേപ്പാളി ഭാഷ കലര്‍ന്ന ഹിന്ദി മാത്രമാണ് ഇവര്‍ക്ക് സംസാരിക്കാന്‍ അറിയാവുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരോ മറ്റ് അധികൃതരോ ഇതു വരെ ഇവരോട് കൃത്യമായി ആശയവിനിമയം നടത്തിയിട്ടില്ല. ദ്വിഭാഷിയുടെ സഹായം ചിലപ്പോൾ പൊലീസ് തേടിയേക്കും.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് പെൺകുട്ടി. പ്രതിയെ ഉടന്‍ പിടകൂടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ പുതിയ നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കേസാണിത്.











