അബുദാബി : യെമന്‍ ദൗത്യത്തില്‍ അന്‍പതോളം സ്വദേശി സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുഎഇ ആംഡ് ഫോഴ്‌സസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ സൗദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യസേനയുടെ ഓപ്പറേഷന്‍ റിസ്‌റ്റോറിങ് ഹോപ് എന്ന ദൗത്യസംഘത്തിലെ അംഗങ്ങളാണ് മരിച്ചത്.
മാരിബ് സാഫര്‍ മേഖലയില്‍ 107 ബ്രിഗേഡിന്റെ ആയുധപ്പുരയിലെ തീപിടിത്തത്തില്‍ ഇന്നലെ രാവിലെയാണ് ദുരന്തമുണ്ടായതെന്നു റിപ്പോര്‍ട്ടുണ്ട്. കനത്ത സ്‌ഫോടനത്തെ തുടര്‍ന്ന് എമിറാത്തി, യെമനി സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അല്‍ ഹസന്‍ അല്‍ ഷെഹി, ലഫ്. അല്‍ യമ്മഹി എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഫാഹിം ബിന്‍ മുഹമ്മദ് ഘംറീന്‍ അല്‍ യമൊറി അല്‍ ഷെഹി, അല്‍ ബിന്‍ ധുര്‍വി അല്‍ യഹ്മൗറി അല്‍ ഷെഹി, സവൂദ് ബിന്‍ അബ്ദുല്ല മര്‍സൂഖ് അല്‍ ഷെഹി തുടങ്ങിയവര്‍ക്കു പരുക്കേറ്റു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ യുഎഇ അധികൃതര്‍ അനുശോചനം അറിയിച്ചു. രാജ്യത്തിനു വേണ്ടി ഉദാത്തമായ ത്യാഗം ചെയ്ത ധീരരാണു സൈനികരെന്നു വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗേഷ് ട്വിറ്ററില്‍ കുറിച്ചു. ദൈവത്തിന്റെ കരുണ അവര്‍ക്കുണ്ടാകട്ടെ, ധീരസൈനികരുടെ ഓര്‍മ അനശ്വരമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. അനുശോചനം അറിയിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദിന് ടെലിഫോണ്‍ സന്ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന് ഷെയ്ഖ് അബ്ദുല്ല നന്ദി പറഞ്ഞു. ഇന്നലെയുണ്ടായ സംഭവത്തോടെ ഓപ്പറേഷന്‍ റിസ്‌റ്റോറിങ് ഹോപ്പില്‍ മരിക്കുന്ന യുഎഇ സ്വദേശികളുടെ എണ്ണം 28 ആയി. കഴിഞ്ഞ മാസം എട്ടിന് മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈയില്‍ നോണ്‍ കമ്മിഷന്‍ഡ് ഓഫിസര്‍ സൗദി അറേബ്യയില്‍ പരിശീലനത്തിലും കൊല്ലപ്പെട്ടു.
ഇതേസമയം, യെമനിലെ യുദ്ധബാധിത മേഖലകളില്‍ സഹായമെത്തിക്കുന്നതിനുള്ള എമിറേറ്റ് റെഡ് ക്രസന്റിന്റെ ധനശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ചു ദിവസം കൊണ്ട് 14 കോടി ദിര്‍ഹത്തിലധികമാണ് സംഭാവനയായി ലഭിച്ചത്. സുല്‍ത്താന്‍ ബിന്‍ ഖലീഫ ഹുമാനിറ്റേറിയന്‍ ആന്‍ഡ് സയന്റിഫിക് ഫൗണ്ടേഷന്‍ അഞ്ചു ലക്ഷം ദിര്‍ഹമാണ് യെമന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് വി കെയര്‍ എന്ന പേരില്‍ റെഡ് ക്രസന്റ് ധനശേഖരണത്തിന് തുടക്കം കുറിച്ചത്.
Discussion about this post