ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) വെർച്ച്വൽ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യവെ പോയിന്റുകൾ ശ്രദ്ധയോടെ കുറിച്ചെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പ്രധാനമന്ത്രി, സുപ്രധാന വിഷയങ്ങളാണ് പുടിൻ അധ്യക്ഷത വഹിച്ച ഉച്ചകോടിയിൽ ചർച്ചചെയ്തത്. ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങും പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ശ്രവിക്കുകയും കാര്യങ്ങൾ കുറിച്ചെടുക്കുകയും ചെയ്യുന്ന റഷ്യൻ പ്രസിഡന്റിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. ഗാൽവൻ സംഘർഷത്തിനു ശേഷം മോദിയും ഷി ജിൻപിങും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ പരിപാടി കൂടിയാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി. സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നതെന്നും ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റേയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്ദമുയർത്തിയിട്ടുണ്ടെന്നും നരേന്ദ്രമോദി ഉച്ചകോടിയിൽ വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതൽ വാക്സിൻ നിർമിക്കുന്ന രാജ്യമായ ഇന്ത്യ കോവിഡ് വാക്സിൻ നിർമാണത്തിലും വിതരണത്തിലും മാനവരാശിയെ സഹായിക്കാൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post