പാറ്റ്‌ന : ബീഹാറിൽ എൻഡിഎ ഭരണം നിലനിർത്തിയതിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിനു പുതിയ ദശാബ്‌ദമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനുള്ള വിധിയെഴുത്താണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദിയറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിരുന്നു. ഇത് ബീഹാറിലെ ജനങ്ങളുടെ വിജയമാണെന്നാണ് അമിത് ഷാ പറഞ്ഞത്. എൻഡിഎ ഭരണം നിലനിർത്തിയത് 125 സീറ്റുകൾ നേടിയാണ്. ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 74 സീറ്റുകൾ ലഭിച്ചപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്. മഹാസഖ്യം 110 സീറ്റുകൾ നേടി. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി 75 സീറ്റുകൾ നേടിയ ആർജെഡിയാണ്.
70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം, ഇടതുപാർട്ടികൾ 16 സീറ്റുകൾ നേടി. ബീഹാറിൽ നിർണായകമാകുമെന്ന് കരുതിയ ചിരാഗ് പസ്വാന്റെ എൽജെപി നേടിയത് ഒരു സീറ്റ് മാത്രമാണ്. അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ പാർട്ടി അഞ്ചു സീറ്റുകൾ നേടി.
Discussion about this post