ഡൽഹി: പതിനൊന്ന് സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ തരംഗമായി ആഞ്ഞടിച്ച് ബിജെപി. 59 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലും വൻ വിജയം നേടി ബിജെപി മികച്ച നേട്ടം കൈവരിച്ചു. അതേസമയം കോൺഗ്രസിന് കൈയ്യിലുണ്ടായിരുന്ന 31 സീറ്റുകൾ നഷ്ടമായി. മധ്യപ്രദേശ്, ഗുജറാത്ത് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം 26 സീറ്റുകൾ കോൺഗ്രസിന് നഷ്ടപായി.
മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ 20 ഉം ബിജെപി സ്വന്തമാക്കി. ഇവയിൽ ഒന്നൊഴികെ എല്ലാം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി വിജയക്കൊടി പാറിച്ചപ്പോൾ കോൺഗ്രസ് ‘സമ്പൂജ്യരായി.‘ സൗരാഷ്ട്രയിലെ അഞ്ച് മണ്ഡലങ്ങളും ഗോത്രവിഭാഗങ്ങൾക്ക് പ്രാമുഖ്യമുള്ള ദാംഗും ഇവയിൽ പെടും. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിൽ ബിജെപിയ്ക്ക് ഇപ്പോള്‍ 111 സീറ്റുകളുണ്ട്. കോൺഗ്രസ് കേവലം 65 സീറ്റുകളിലേക്ക് ചുരുങ്ങി.
മണിപ്പൂരിൽ അത്ഭുതകരമായ പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. ഇവിടെ കോൺഗ്രസിന്റെ നാല് സീറ്റുകളും ബിജെപി പിടിച്ചെടുത്തു. ഒരു സീറ്റ് കോൺഗ്രസിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥി പിടിച്ചെടുത്തു. ഇതോടെ മണിപ്പൂരിലും കോൺഗ്രസ് സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി.
ഉത്തർ പ്രദേശിലും ബിജെപി തിളക്കമാർന്ന വിജയമാണ് കൈവരിച്ചത്. ഇവിടെ ആറ് സീറ്റുകൾ ബിജെപി സ്വന്തമാക്കി. കുൽദീപ് സിംഗ് സെംഗാറിന്റെ മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സംഗീത ചൗഹാൻ വിജയിച്ചു. അന്തരിച്ച മുൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന്റെ ഭാര്യയാണ് സംഗീത. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണമികവിനുള്ള അംഗീകാരാമായാണ് യുപിയിൽ നേടിയ മികച്ച വിജയത്തെ ബിജെപി അടയാളപ്പെടുത്തുന്നത്.
കർണ്ണാടകയിലും മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. ജെഡിഎസില്‍ നിന്ന് സിറ്റിങ് സീറ്റും കോണ്‍ഗ്രസില്‍ നിന്ന് ആര്‍ആര്‍ നഗര്‍ സീറ്റും ബിജെപി പിടിച്ചെടുത്തി. ഇതോടെ യെദ്യൂരപ്പ സര്‍ക്കാരിന് ഇപ്പോള്‍ സഭയില്‍ 119 എം എൽ എമാർ ആയി. കോണ്‍ഗ്രസിന് 67 ഉം ജെഡിഎസിന് 33 ഉം അംഗങ്ങളാണ് നിലവിലുള്ളത്.
കോൺഗ്രസ് നിഷ്പ്രഭമായ തെലങ്കാനയിൽ ബിജെപി സ്ഥാനാര്‍ഥി എം രഘുനന്ദന് ടിആര്‍എസിന്റെ സോളിപേട്ട സുജാതയെ 1,079 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. നാഗാലാൻഡിലും എൻഡിഎ നേട്ടമുണ്ടാക്കി. ഇവിടെ ഒരു മണ്ഡലത്തിൽ ബിജെപി സഖ്യകക്ഷിയായ എന്‍എന്‍ഡിപി വിജയിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിയാണ് രണ്ടാമത്തെ മണ്ഡലത്തില്‍ വിജയിച്ചത്. ഛത്തീസ്ഗഢിലും ഹരിയാനയിലെ ബറോഡയിലും മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വക കിട്ടിയത്.
Discussion about this post