ഡൽഹി: അർണബ് ഗോസ്വാമിക്കെതിരായ മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഒന്നിന് പിറകെ ഒന്നായി കേസുകൾ ഫയൽ ചെയ്യപ്പെടുമ്പോൾ ജാമ്യം നൽകേണ്ട ഹൈക്കോടതികൾ അത് ചെയ്യാതിരിക്കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വ്യത്യസ്ത ആശയങ്ങളുടെയും ഭിന്നാഭിപ്രായത്തിന്റെയും പേരിൽ വ്യക്തികളെ ലക്ഷ്യം വെക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ജനാധിപത്യം അസാധാരണമാം വിധം സവിശേഷമാണെന്നും, വ്യക്തികൾ ഇപ്രകാരം സർക്കാരുകളാൽ ഉന്നം വെക്കപ്പെടുന്നതിനെതിരെ ശക്തമായ സന്ദേശം നൽകാൻ പരമോന്നത നീതിപീഠം ആഗ്രഹിക്കുന്നുവെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു. അർണബിന്റെ കസ്റ്റഡി അനിവാര്യമാണോയെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആരാഞ്ഞ സുപ്രീം കോടതി, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഒരു കാരണവശാലും ഹനിക്കപ്പെടാൻ പാടില്ലെന്ന് ശക്തമായി ഓർമ്മിപ്പിച്ചു. അർണബിനെതിരെ നിലവിലുള്ളത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയാണെന്നും ചാനലുകളുടെ പ്രവർത്തനം പോലും സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതികാര നടപടിയാണ് മഹാരാഷ്ട്ര സർക്കാർ കൈക്കൊള്ളുന്നതെന്നും ജാമ്യാപേക്ഷയിൽ അർണബിന്റെ അഭിഭാഷകൻ ഹരീഷ് സാല്വെ ചൂണ്ടിക്കാട്ടി. നവംബർ നാലിനായിരുന്ന രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Discussion about this post