ജമ്മു: ബിജെപിയിൽ ചേർന്ന് കശ്മീരിലെ പതിനൊന്ന് പിഡിപി നേതാക്കളും അനുയായികളും. പിഡിപി നേതൃത്വം തുടർച്ചയായി പാകിസ്ഥാൻ അനുകൂല പ്രചാരണങ്ങളും പ്രസ്താവനകളുമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പിഡിപി സോണൽ പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിയിൽ ചേർന്നത്.
ഡോ.ശാദി ലാൽ, ക്യാപ്റ്റൻ രാം ലാൽ ചൗധരി, സുബേദാർ ഗ്യാൻ ചന്ദ്, പൃഥ്വിരാജ് ഖോക്കർ, ഭഗവാൻ ദാസ്, താര ചന്ദ്, ബച്ചൻ സിംഗ്, അജയ് ചൗധരി, മൊഹീന്ദർ സിംഗ്, സുശീൽ കുമാർ എന്നിവരാണ് പിഡിപി വിട്ട മറ്റു നേതാക്കൾ. ഇവരെല്ലാം ബിജെപിയുടെ ഭാഗമായത് ജമ്മുകശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്നയുടെ സാന്നിധ്യത്തിലാണ്. ഈ രാഷ്ട്രീയ നേതാക്കളോടൊപ്പം ഇവരുടെ നൂറോളം അനുയായികളും ബിജെപിയിൽ ചേർന്നു. പിഡിപി ഇപ്പോൾ മുങ്ങിപ്പോയ കപ്പലാണെന്നും ദേശവിരുദ്ധമായ നടപടികളിലൂടെ പൊതുജനങ്ങൾക്ക് പിഡിപി നേതാക്കളിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടുവെന്നും രവീന്ദർ റെയ്‌ന പറഞ്ഞു.
മാത്രമല്ല, രാജ്യസ്നേഹിയായ ഒരു വ്യക്തിക്ക് പിഡിപിയിൽ തുടരുകയെന്നത് അസാധ്യമായതിനാലാണ് പലരും ബിജെപിയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയതായി പാർട്ടിയിൽ ചേർന്നവർക്ക് ആശംസകളറിയിച്ച് എംപി ജുഗൽ കിഷോർ ശർമയും രംഗത്തു വന്നിട്ടുണ്ട്.
Discussion about this post