ഗുവാഹത്തി: മികച്ച പരിശീലനം ലഭിച്ച ഇരുപത് പടക്കുതിരകളെയും മൈൻ കണ്ടുപിടിക്കാൻ വിദഗ്ധരായ പത്ത് സ്‌നിഫർ നായ്ക്കളെയും ബംഗ്ലാദേശിനു സമ്മാനിച്ച് ഇന്ത്യൻ സൈന്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് സൈന്യത്തിനു ഇന്ത്യ പടക്കുതിരകളെയും നായ്ക്കളെയും നൽകിയത്.
ഇവയെ പരിശീലിപ്പിച്ചത് സൈന്യത്തിലെ റീമൗണ്ട് ആന്റ് വെറ്റിനറി കോർപ്സ് വിഭാഗമാണ്. ഇന്ത്യ സമ്മാനിച്ച പടക്കുതിരകളെയും നായ്ക്കളെയും കൈകാര്യം ചെയ്യുന്നതിന് ബംഗ്ലാദേശി സൈനികർക്ക് ഇന്ത്യ പ്രത്യേക പരിശീനവും നൽകിയിട്ടുണ്ട്. ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിയിലെ പെട്രാപോൾ -ബെനാപോൾ ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റിൽ (ഐസിപി) വെച്ചാണ് മൃഗങ്ങളെ ബംഗ്ലാദേശിനു കൈമാറിയത്.
കൈമാറ്റം നടന്നത് ഇന്ത്യയുടെ ബ്രഹ്മാസ്ത്ര കോർപ്സ് മേധാവി മേജർ ജനറൽ നരീന്ദർ സിംഗ് ഖ്‌റൗഡ്, ബംഗ്ലാദേശിന്റെ ജെസോർ ഭാഗത്തെ കമാൻഡിങ് ഓഫീസർ മേജർ ജനറൽ മുഹമ്മദ് ഹുമയൂൺ കബീർ എന്നിവരുടെ സാന്നിധ്യത്തിലാണ്. ഇതിലൂടെയെല്ലാം, അയൽരാജ്യങ്ങളുമായി എങ്ങനെയൊക്കെ നല്ല ബന്ധം കാത്തുസൂക്ഷിക്കാമെന്നതിനു ഉത്തമ ഉദാഹരണമാവുകയാണ് ഇന്ത്യ.
Discussion about this post