നവംബർ 12 നു നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. വെർച്വലായി വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും പതിനേഴാമത് ആസിയാൻ ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ ദക്ഷിണ ചൈന കടലിൽ അടക്കം ചൈന നടത്തുന്ന കടന്നു കയറ്റങ്ങൾ ചർച്ച ചെയ്യും.
കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള തന്ത്രങ്ങളെ സംബന്ധിച്ചും തന്ത്രപ്രധാനമായ ബന്ധങ്ങൾ കൂടുതൽ വിശാലമാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് ലഭ്യമായ വിവരങ്ങൾ. 10 രാജ്യങ്ങൾ അംഗങ്ങളായുള്ള ആസിയാനുമായി ഇന്ത്യയ്ക്കുള്ള പങ്കാളിത്തത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഉച്ചകോടിയിൽ അവലോകനം ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, യോഗത്തിൽ സമുദ്ര സഹകരണം, വ്യാപാരവും വാണിജ്യവും, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ കൈവരിച്ച പുരോഗതിയും വിലയിരുത്തും.
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കമ്പോഡിയ എന്നീ രാജ്യങ്ങളാണ് അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അഥവാ ആസിയാനിൽ അംഗങ്ങളായിട്ടുള്ളത്. ആസിയാന്റെ ചർച്ചകളിൽ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കാളികളാവാറുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ബാങ്കോക്കിൽ വച്ച് നടന്ന പതിനാറാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.
Discussion about this post