ന്യൂഡൽഹി : വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ സർക്കാർ ഇതര സംഘടനകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പുതിയ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർക്ക് വിദേശത്തുനിന്നും സഹായം സ്വീകരിക്കാൻ കഴിയില്ല.
മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നേടിയതും 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുമുള്ള സ്ഥാപനങ്ങൾക്കും മാത്രമാണ് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന സർക്കാർ ഇതര സംഘടനകൾ വിദേശ സംഭാവന നൽകുന്നവരിൽ നിന്നും വാങ്ങാനുദ്ദേശിക്കുന്ന സംഭാവന തുക എത്രയാണെന്നും എന്തിനു വേണ്ടിയാണെന്നും വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സന്നദ്ധസംഘടനയുടെ 75 ശതമാനം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും വിദേശ സംഭാവന നൽകുന്ന സംഘടനയിലെ ഭാരവാഹികളോ ജീവനക്കാരെ ആകാൻ പാടില്ല.
രണ്ടുമാസം മുമ്പ് എൻ.ജി.ഒ ഭാരവാഹികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കി എഫ്.സി.ആർ.എ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനം.
Discussion about this post