മനില: ഫിലിപ്പീൻസുമായി ബ്രഹ്മോസ് മിസൈൽ കരാറിൽ ഏർപ്പെടാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ചർച്ച നടത്താനായി ഇരുരാജ്യങ്ങളും ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ഇന്ത്യ-റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ. ചൈനയുമായി ദക്ഷിണ ചൈന കടലിന്റെ അവകാശ തർക്കം രൂക്ഷമായി നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. ഇങ്ങനെയിരിക്കെ ഫിലിപ്പൈൻസിന് ഇത്രയും മാരകമായ ഒരു മിസൈൽ നൽകുന്നത് ചൈനയെ പ്രതിരോധത്തിലാക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ വ്യക്തമാക്കുന്നു. നിലവിൽ, ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിനെ പ്രതിരോധിക്കുക അതീവ ദുഷ്കരമാണ്. അതിനു പ്രാപ്തിയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ ചൈനയുടെ പക്കലില്ല.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർട്ടും തമ്മിലുള്ള കൂടിക്കാഴ്ച അതിനും വൈകാതെ നിശ്ചയിക്കുമെന്നാണ് വിവരങ്ങൾ. മിസൈൽ കരാറിന്റെ അവസാനഘട്ടത്തിലാണ് ഇരു രാഷ്ട്രങ്ങളെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post