ബേക്കൽ: യുവ നടി ആക്രമിക്കപ്പെട്ട കേസിൽ, മാപ്പുസാക്ഷിയെ മൊഴിമാറ്റി പറയാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറിയെന്ന് ബേക്കൽ പോലീസ്. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് ബേക്കൽ പോലീസ് ഹോസ്ദുർഗ്ഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കഴിഞ്ഞ ജനുവരി 23ന്, പ്രോസിക്യൂഷൻ പ്രധാന സാക്ഷിയും ബേക്കൽ സ്വദേശിയുമായ ബിബിൻ ലാലിനെ തേടി പ്രദീപ് കുമാർ ബേക്കലിലെത്തിയിരുന്നു. തൃക്കണ്ണാടുള്ള ബന്ധു വീട്ടിലെത്തിയ പ്രദീപ്, ബിബിനെ നേരിട്ട് കാണാൻ പറ്റാഞ്ഞതിനാൽ, ബിബിന്റെ അമ്മാവൻ ജോലിചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലേക്ക് പോയി. തുടർന്ന്, ബിബിന്റെ അമ്മയെ ബന്ധപ്പെടുകയും പിന്നീട് മൊഴിമാറ്റാൻ ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തുകയും ആയിരുന്നു. കത്തുകളിലൂടെയും ഭീഷണി തുടർന്നതോടെ സെപ്റ്റംബർ 26ന് ബേക്കൽ പോലീസിൽ പരാതി നൽകിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ലോഡ്ജിൽ പ്രദീപ് നൽകിയ തിരിച്ചറിയൽ രേഖകൾ, ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കണ്ടെത്തിയതോടെയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
Discussion about this post