മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും എം.പി രാഹുൽ ഗാന്ധിയേയും കുറിച്ച് പരാമർശം. ഇരു നേതാക്കളെയും കുറിച്ചു പറയുന്നത് ഒബാമയുടെ ഓർമ്മക്കുറിപ്പുകളങ്ങിയ ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിലാണ്.
വിഷയ സമഗ്രതയിൽ അഭിരുചിയോ അഭിനിവേശമോയില്ലാതെ അധ്യാപകനെ ആകർഷിക്കാൻ ഉത്സുകനായിരിക്കുന്ന വിദ്യാർത്ഥിയെ പോലെയാണ് രാഹുൽ ഗാന്ധിയെന്നും മൻമോഹൻ സിംഗിനുള്ളത് ഒരുതരം നിർവികാരമായ സമഗ്രതയാണെന്നും ഒബാമ കുറിക്കുന്നു. ചില ലോക നേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനെ ഒബാമ വിവരിക്കുന്നത് ശക്തനും എന്തിനെയും മറികടക്കാൻ കഴിവുള്ളവനുമായ നേതാവായാണ്.
ജോർജ് എച്ച്ഡബ്യു ബുഷിന്റെ വിദേശ നയത്തെ ഒബാമ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ യോജിക്കുന്നില്ല. നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. തന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ വൈസ് പ്രസിഡന്റ് മാന്യനും സത്യസന്ധനുമാണെന്നാണ് ബൈഡനെ കുറിച്ച് ഒബാമ എഴുതിയിട്ടുള്ളത്.
ഒബാമയുടെ പുസ്തകം പരാമർശിക്കുന്നത് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ പാകിസ്ഥാനിലെ അബോട്ടാബാദിൽ യുഎസ് നേവി സീൽസ് ടീം ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയത് വരെയുള്ള ഓർമ്മകളാണ്.
Discussion about this post