കൽക്കട്ട: പശ്ചിമ ബംഗാൾ ഭീകരരുടെയും രാജ്യവിരുദ്ധരുടെയും താവളമായി മാറിക്കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ അലിപുർദ്വാരിൽ നിന്നും 6 അൽ-ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നുവെന്നും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകര പ്രവർത്തനങ്ങൾക്കായി ഒരു നെറ്റുവർക്ക് തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ ബരാനഗറിൽ നടന്ന പാർട്ടി പരിപാടിക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യയിൽ പരിശീലിപ്പിച്ചതിനുശേഷമാണ് ബംഗ്ലാദേശിലേക്ക് പ്രശ്നങ്ങളുണ്ടാക്കാൻ തീവ്രവാദികളെ അയക്കുന്നതെന്ന് ബംഗ്ലാദേശിലെ നേതാവ് ഖാലെദ സിയ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിലെ അവസ്ഥ കശ്മീരിനെക്കാൾ ഗുരുതരമാണ്. സംസ്ഥാനത്തെ ജനങ്ങൾ ഭീതിയോടെയാണ് ഇപ്പോൾ ജീവിക്കുന്നത്”- ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
മാത്രമല്ല, ദേശവിരുദ്ധർ ലക്ഷ്യം വെച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ താനുമുൾപ്പെടുന്നുണ്ടെന്ന്, അലിപുർദ്വാർ ജില്ലയിലെ ജയ്ഗാവോണിൽ താൻ നേരിട്ട ആക്രമണത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ രോഹിംഗ്യൻ മുസ്ലിമുകൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് അലിപുർദ്വാർ. തന്റെ വാഹനമാക്രമിക്കുന്ന വീഡിയോ പരിശോധിച്ചാൽ തനിക്കെതിരെ അക്രമമഴിച്ചുവിട്ടത് ബംഗാളികളല്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post