ഗോവ: മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. 4 ജനാധിപത്യ രാഷ്ട്രങ്ങളുടെ സംയുക്ത നാവിക അഭ്യാസമായ മലബാർ നേവൽ എക്സർസൈസിൽ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാല് രാഷ്ട്രങ്ങളായിരിക്കും പങ്കെടുക്കുക.
3 ദിവസം നീണ്ടുനിൽക്കുന്ന നാവികാഭ്യാസം നവംബർ 20-നു അവസാനിക്കും. നവംബർ 3 മുതൽ 6 വരെയായിരുന്നു മലബാർ നാവികാഭ്യാസത്തിന്റെ ആദ്യ ഘട്ടം. മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യ ഇക്കുറി ഓസ്ട്രേലിയയെക്കൂടി ക്ഷണിച്ചതോടെ ജനാധിപത്യ സഖ്യം അതീവ ശക്തിയാർജ്ജിച്ചിരിക്കുകയാണ്. നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ തങ്ങളുടെ യുദ്ധക്കപ്പലുകൾ ഓസ്ട്രേലിയ അയച്ചതോടെ ചൈന അങ്ങേയറ്റം പ്രകോപിതരായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് “ചൈനയുടെ പടിവാതിൽക്കലേക്ക് യുദ്ധക്കപ്പലുകൾ അയക്കുന്ന ആക്രമണോത്സുകമായ നടപടി” എന്നാണ് ഓസ്ട്രേലിയൻ നീക്കത്തെ വിശേഷിപ്പിച്ചത്. ചൈനയുടെ ബദ്ധവൈരികളായ ജപ്പാന്റെ നാവികസേനയോടൊപ്പം, ഇന്ത്യയുടെ ഐ.എൻ.എസ് വിക്രമാദിത്യ, അമേരിക്കയുടെ യു.എസ്.എസ് നിമിറ്റ്സ് എന്നീ ശക്തരായ വിമാനവാഹിനികൾ മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, ജനാധിപത്യപരമായ സഖ്യമെന്ന് മാത്രമല്ല, പ്രാദേശിക സംരക്ഷണത്തിന് വേണ്ടിയുള്ള ശക്തമായ കൂട്ടായ്മ എന്നു കൂടിയാണ് ഓസ്ട്രേലിയ ചൈനയ്ക്ക് മറുപടി കൊടുത്തത്.
Discussion about this post