ദുബായ് : ജബല്‍ അലി തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട. 3.5 കോടി ട്രമഡോള്‍ ഗുളികകളും 2.5 ടണ്‍ ട്രമഡോള്‍ പൊടിയുമാണ് ദുബായ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. വേദന സംഹാരിക്കുള്ള ഈ മരുന്നിന്റെ ഉപയോഗത്തിന് യുഎഇയില്‍ പൂര്‍ണ നിയന്ത്രണമുണ്ട്. മയക്കം അനുഭവപ്പെടുന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം.
ഏഷ്യന്‍ രാജ്യത്തുനിന്നാണ് ഇത്രയും മരുന്ന് ജബല്‍അലി തുറമുഖത്ത് എത്തിച്ചത്. ദുബായ് കസ്റ്റംസിന്റെ റിസ്‌ക് എന്‍ജിന്‍ സംവിധാനം വഴി നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ മരുന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലഹരി മരുന്ന് നിര്‍മാര്‍ജ്ജന ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തി നിയന്ത്രിത മരുന്നാണെന്ന് ഉറപ്പുവരുത്തി. നൂറ് വീപ്പകളിലായി ട്രമഡോള്‍ പൊടിയും 140 കാര്‍ട്ടണുകളിലായി 3.5 കോടി ഗുളികകളും പിടിച്ചെടുത്തതായി ജബല്‍അലി കസ്റ്റംസ് സെന്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ യൂസഫ് അല്‍ ഹാഷിമി അറിയിച്ചു.
ഇറക്കുമതി ചെയ്ത ഏജന്റിനെ ലഹരി മരുന്ന് നിര്‍മാര്‍ജ്ജന വിഭാഗത്തിന് കൈമാറി. മെഡിക്കല്‍ ഉപകരണങ്ങളും ഉല്‍പന്നങ്ങളുമാണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു ഇറക്കുമതി. ഈ വര്‍ഷം രണ്ടാം തവണയാണ് ഇതേ കമ്പനിയുടെ ട്രമഡോള്‍ ഇറക്കുമതി പിടിക്കപ്പെടുന്നതെന്നും അധികൃതര്‍ സൂചിപ്പിച്ചു. യുഎഇയില്‍ നിയന്ത്രണമുള്ള മരുന്നുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടണമെന്നാണു നിയമം. നിലവില്‍ ജനറല്‍ ട്രേഡ് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ഉപാധികളോടെ ഇറക്കുമതി ചെയ്യാനാവൂ. ഇത്തരം മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ മറ്റാരെയും ഏല്‍പിക്കാനും പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post