ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി കാരണമാവുക ഇന്ത്യ-റഷ്യ സമഗ്ര പങ്കാളിത്തത്തിന്. റഷ്യൻ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മെഗാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈവന്റിന്റെ സംഘാടകരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ വെളിച്ചത്തിലായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈവന്റിന്റെ സംഘാടകരിൽ ഒരാളായ സ്‌ബെർബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വികസനവും ഗവേഷണവും ഇന്ത്യയിലും റഷ്യയിലും വളരെയധികം പ്രസക്തമാണ്. നിർമ്മിത ബുദ്ധിയുടെ മേഖലയിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയും. അതിനാൽ തന്നെ, ഇന്ത്യ ഈ മേളയിലെ നിർണായക പങ്കുവഹിക്കുന്ന രാഷ്ട്രമാകും. ബ്രിക്സ് ഉച്ചകോടിയുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ കഴിയുന്നതെന്തെന്നാൽ, സമീപഭാവിയിൽ സംയുക്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾ ഇരു രാഷ്ട്രങ്ങളും സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നാണ്” സ്‌ബെർബാങ്ക് എക്സിക്യൂട്ടീവ് ബോർഡിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ അലക്സാണ്ടർ വേദ്യഖിൻ വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈവന്റിന്റെ പ്രധാന സംഘാടകരാണ് സ്‌ബെർബാങ്ക്. കഴിഞ്ഞവർഷം ആരംഭിച്ച ഈ മേള ഉദ്ഘാടനംചെയ്തത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനാണ്. ഈ വർഷത്തെ ഈവന്റ് ഡിസംബർ മൂന്നു മുതൽ അഞ്ചുവരെയുള്ള തീയതികളിൽ ഓൺലൈനായി ആയിരിക്കും നടത്തുക.പ്രതിരോധ മേഖലയിലും ഗവേഷണ മേഖലയിലും വൻ കുതിച്ചുചാട്ടമാണ് ഇന്ത്യയ്ക്ക് ഇതോടെ സംഭവിക്കുകയെന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്.
Discussion about this post