വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ 1,300 വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഭഗവാൻ വിഷ്ണുവിന്റെ ക്ഷേത്രം കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുള്ള സ്വാട്ട് ജില്ലയിൽ പാകിസ്ഥാനി-ഇറ്റാലിയൻ പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം കണ്ടെത്തിയത്.
ബാരിക്കോട്ട് ഘുണ്ടയ് ഭാഗത്ത് ഖനനം നടത്തുന്നതിനിടെ ഭഗവാൻ വിഷ്ണുവിന്റെ ക്ഷേത്രം കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ഖൈബെർ പഖ്ടുൻഖവ പ്രവിശ്യയിലുള്ള ആർക്കിയോളജി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഫാസിൽ ഖാലിഖാണ്. ഈ ക്ഷേത്രം 1,300 വർഷങ്ങൾക്കു മുമ്പ് ഹിന്ദു ഷാഹി പിരിയഡിൽ നിർമിച്ചതാണെന്നാണ് കരുതപ്പെടുന്നതെന്ന് ഫാസിൽ കൂട്ടിച്ചേർത്തു. കാബൂൾ വാലിയും (കിഴക്കൻ അഫ്ഗാനിസ്ഥാൻ) ഗാന്ധാരയും(മോഡേൺ-ഡേ പാകിസ്ഥാൻ) ഭരിച്ചിരുന്ന രാജവംശമായിരുന്നു ഹിന്ദു ഷാഹികൾ അഥവാ കാബൂൾ ഷാഹികൾ.
ഖനനത്തിനിടെ പ്രദേശത്ത് സൈനിക താവളങ്ങളും വാച്ച് ടവറുകളും ഉണ്ടായിരുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, ക്ഷേത്രത്തിനു സമീപം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഹിന്ദുക്കൾ കുളിക്കാൻ ഉപയോഗിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന സ്നാന ഘട്ടവും ഗവേഷകർ കണ്ടെത്തി.











