ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ മുംബൈ സിറ്റി എഫ്സിയെ നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 47ആം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ ക്വേസി അപിയയാണ് നോർത്ത് ഈസ്റ്റിന്റെ വിജയ ഗോൾ കുറിച്ചത്. ഉണർന്ന് കളിച്ചുവെങ്കിലും ഗോൾ മടക്കാൻ അവസാന നിമിഷം വരെ മുംബൈക്ക് സാധിച്ചില്ല. കളിയുടെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയെങ്കിലും വിജയം മാത്രം ലക്ഷ്യം വെച്ച് കളിച്ച നോർത്ത് ഈസ്റ്റിന്റെ പ്രതിരോധം ഭേദിക്കാൻ മുംബൈക്ക് സാധിച്ചില്ല.
43ആം മിനിട്ടിൽ ഈ സീസണിലെ ആദ്യ ചുവപ്പ് കാർഡിലൂടെ അഹമ്മദ് ജാഹുവിനെ നഷ്ടമായത് മുംബൈക്ക് തിരിച്ചടിയായി. അപകടകരമായ ഫൗളിലൂടെ കമാറയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാർഡ്. 47ആം മിനിട്ടിൽ ബോക്സിനകത്ത് വെച്ച് ഹാൻഡ്ബോൾ വിളിക്കപ്പെട്ടതോടെയാണ് നോർത്ത് ഈസ്റ്റിന് നിർണ്ണായക പെനാൽട്ടി ലഭിച്ചത്. റൗളിംഗിന്റെ കൈയ്യിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൽട്ടിയിലൂടെ അപിയ മത്സരത്തിന്റെ വിധി നിർണ്ണയിച്ചു.
65ആം മിനിട്ടിലും 90ആം മിനിട്ടിലും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ മുംബൈക്ക് സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെതിരെ ഒരു വിജയം പോലും നേടാത്ത നോര്‍ത്ത് ഈസ്റ്റിന് ഏറെ ആത്മവിശ്വാസം പകരുന്നതായി ഇന്നത്തെ വിജയം.
Discussion about this post