ഗയ: ബിഹാറിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഗയ ജില്ലയിലെ മാധുരി ഗ്രാമത്തിൽ കോബ്രാ കമാൻഡോകളുമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകങ്ങൾ നടത്തിയ അലോക് എന്ന കമ്മ്യൂണിസ്റ്റ് ഭീകരനും കൊല്ലപ്പെട്ടതായി ബിഹാർ പൊലീസ് സ്ഥിരീകരിച്ചു.
കമ്മ്യൂണിസ്റ്റ് ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് കമാൻഡോ സംഘം ഭീകരത്താവളം വളയുകയായിരുന്നു. തുടർന്ന് ഭീകരർ കമാൻഡോ സംഘത്തിന് നേർക്ക് നിറയൊഴിച്ചു. ഇതിന് മറുപടിയായി കമാൻഡോ സംഘം നടത്തിയ വെടിവെപ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
പുലർച്ചെ ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് സമീപത്തെ ക്ഷേത്രത്തിൽ സാംസ്കാരിക പരിപാടി നടക്കുകയായിരുന്നു. ഇത് അട്ടിമറിക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും എ കെ 47 തോക്കുകളും ഇൻസാസ് റൈഫിളും മാഗസീനും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post