ഡൽഹി: ഒരു പൊലീസുകാരൻ ഉൾപ്പെടെ അമ്പതിലേറെ പേരുടെ മരണത്തിന് കാരണമായ ഡൽഹി കലാപം ഭീകര പ്രവർത്തനത്തിന്റെ നിർവ്വചനത്തിൽ പെടുമെന്ന് ഡൽഹി പൊലീസ്. കലാപത്തിൽ മാരകമായ ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച സപ്ലിമെന്ററി ചാർജ്ജ് ഷീറ്റിലാണ് ഇകാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
മുൻ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദ്, സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥി ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെയാണ് ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിരിക്കുന്നത്. കലാപത്തിൽ 53 പേർക്ക് ജീവഹാനി സംഭവിച്ചതായും 738 പേർക്ക് പരിക്കേറ്റതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
കലാപത്തിൽ അക്രമികൾ പൊലീസിനും പൊതുജനങ്ങൾക്കും എതിരെ തോക്കുകളും പെട്രോൾ ബോംബുകളും ആസിഡ് ആയുധങ്ങളും ഉപയോഗിച്ചു. 208 പൊലീസുകാർക്ക് പരിക്കേറ്റ കലാപം രാജ്യത്തിനെതിരായ കുറ്റകരമായ ഗോഢാലോചനയായിരുന്നെന്നും പൊലീസ് പറയുന്നു.
കലാപകാരികൾ പൊതുജനങ്ങൾക്ക് അവശ്യ സേവനങ്ങൾ നിഷേധിച്ചു. പൊതുഗതാഗതം തടസ്സപ്പെടുത്തി, പരീക്ഷകൾ അലങ്കോലമാക്കി, ആശുപത്രികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും ഉൾപ്പെടെ പ്രവർത്തനം തടസ്സപ്പെടുത്തി. പൊതുമുതലും സ്വകാര്യ വസ്തുക്കളും കൊള്ളയടിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായി കലാപം ചെയ്ത പ്രതികൾ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിനായി പണം സ്വരൂപിച്ചു. ഇത് യുഎപിഎ നിയമത്തിന്റെ 13, 15, 16, 17, 18 വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദർശന വേളയിൽ നടത്തിയ കലാപം രാജ്യത്തിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിൽ മോശമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതിൽ പ്രതികൾ വിജയിച്ചിരുന്നുവെങ്കിൽ സർക്കാർ അട്ടിമറിക്കപ്പെടുകയും അത് വഴി ഭരണകൂടം അസ്ഥിരമാകുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്യുമായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
930 പേജടങ്ങുന്ന കുറ്റപത്രത്തിൽ യുഎപിഎ, ആയുധ നിയമം, രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകളാണ് ഡൽഹി പൊലീസ് ചുമത്തിയിരിക്കുന്നത്. പൊലീസിന്റെ കുറ്റപത്രം സ്വീകരിച്ച ഡൽഹി കോടതി പ്രതികൾക്കെതിരെ വിചാരണക്ക് അനുമതി നൽകിയിരുന്നു.
Discussion about this post